2012 ജനുവരി 9, തിങ്കളാഴ്‌ച

വാനപ്രസ്ഥം

കഴുതയായി ജീവിക്കേണ്ടി വരുന്ന ;
കുതിരകളെ  പ്രവാസികള്‍ എന്ന് വിളിക്കരുത് .
അവര്‍ ഇരുനിലയുള്ള ഇരുമ്പ് കൂടിലെ
ബെഡ് സ്പൈസില്‍ കിടന്നു  ;
നാട്ടില്‍ കെട്ടുന്ന ഇരുനില മാളികയ്ക്കു
പ്ലാന്‍ വരയ്ക്കുന്ന ഇരുകാലികള്‍ മാത്രം ആണ്
ഇരുണ്ട ചുമരില്‍  കുടുംബചിത്രം കാണുമ്പോള്‍ 
ജീവന്‍ ഉണ്ടെന്നു ഉറപ്പു വരുത്തുന്ന  നിശ്വാസം .
കരയാതെ തന്നെ കാമം പതഞ്ഞൊഴുകുന്ന കഴുതയെ ;
കുതിര ശക്തിക്കുള്ള അളവുകോല്‍ ആക്കരുത്  .
ക്രെഡിറ്റ്‌ കാര്‍ഡു ഉരച്ചു അന്നം തിളപ്പിക്കുന്ന ;
പനിക്കിടക്കയില്‍  നട്ടുച്ച തോല്‍ക്കുമ്പോള്‍ ;
പെനഡോള്‍  ഡിന്നര്‍ കഴിഞ്ഞു .
നാടിലുള്ളവര്‍ ഭക്ഷണം കഴിച്ചോ എന്ന്
ഫോണില്‍ ഉരയ്ക്കുന്ന തറവാടിത്തമുള്ള കുതിരയെ
കഴുതയെന്നും  വിളിക്കരുത് .
അല്ലെങ്കിലും തെക്കിനിയിലെ പ്ലാവില്‍
ആത്മാവിനെ ആണിയടിച്ചു കൊളുത്തിയിട്ടു
പടിയിറങ്ങി പോയ പ്രവാസിയെ
കുതിരയെന്നോ കഴുതെയെന്നോ വിളിച്ചോളൂ
കൂട്ടുകാരന്‍ എന്ന് മാത്രം വിളിക്കേണ്ട .
 

1 അഭിപ്രായം: