2011 ഡിസംബർ 23, വെള്ളിയാഴ്‌ച

സ്വത്വം

വണ്ടിയില്‍ നിന്നും ഇറങ്ങുമ്പോള്‍
പോക്കെറ്റില്‍ നിന്നും ഒലിച്ചു പോയ മൊബൈല്‍
അന്യ വാഹനത്തിന്റെ ടയറിനു  ഭക്ഷണമാകുന്നത്
നിര്‍വികാരതയോടെ കണ്ടു ഞാന്‍
എന്റെ വിരല്‍ തുമ്പില്‍
സംഗീതം പൊഴിച്ച താക്കോല്‍ ഫലകം *
സ്വകാര്യതയ്ക്ക് കൂട്ടായി ഞാന്‍ കരുതിയ കവിതകള്‍
എന്നിലെ വികാരങ്ങളെ ത്രസിപ്പിച്ച
ബ്ലു ടൂത്ത്  നീലിമ
ഞാന്‍ ഈ ലോകത്തില്‍ ജീവിച്ചിരിക്കുന്നു എന്ന്
അറിയിക്കാന്‍ കരുതി വെച്ച മൂന്നുറില്‍ പരം
നമ്പരുകള്‍
നമ്പരുകള്‍ ചതഞ്ഞരഞ്ഞപ്പോള്‍
മുറിഞ്ഞു പോയ ബന്ധങ്ങള്‍
ഭൂഗോളത്തെ വിരല്‍ തുമ്പില്‍ എത്തിച്ചിരുന്ന
ഒരു ശവം  എന്റെ മുന്നില്‍ കിടയ്ക്കുകയാണ്
ഇനി ഇപ്പോള്‍ ആരെയും വിളിക്കാന്‍ വയ്യ
ഇനി ഒരു പുതു മൊബൈലില്‍ എന്റെ
ജീവന്‍ പകരും വരെ
എന്നെ വിളിക്കരുത്
നിങ്ങള്‍ വിളിക്കുന്ന നമ്പര്‍
തിരക്കിലാണ് എന്നോ
നിലവിലില്ല എന്നോ
കേട്ടാല്‍
ഞാന്‍
ഇവിടെയില്ല എന്ന്  കരുതരുത്
നമ്പര്‍
ഇല്ലാതെയും
ഞാന്‍
ഉണ്ടായിരുന്നു
അമ്മയാണെ സത്യം
ഞാന്‍ നിലവിലുണ്ട്

1 അഭിപ്രായം: